Friday 6 January 2012

വേദങ്ങളുടെ ഉത്ഭവം

വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത്. സ്വാമി ദയാനന്ദ സരസ്വതിയുടെ ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയ ജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97 ബില്യൺ വർഷങ്ങൾക്ക് മുൻപാണെന്ന് കണക്കാക്കപ്പെടുന്നു. ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു. ( വേദോല്പത്തിയുടെ കാലഘട്ടത്തില്‍ എഴുതി സൂക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ഇല്ലായിരുന്നതിനാല്‍ ഗുരു, ശിഷ്യര്‍ക്ക്‌ ഇവ വാമൊഴിയായി പകര്‍ന്ന് നല്‍കുകയും വളരെവര്‍ഷങ്ങള്‍ക്ക് ശേഷം എഴുതിസൂക്ഷിക്കാനുള്ള മാര്‍ഗം കണ്ടുപിടിച്ചപ്പോള്‍ ഇവ എഴുതി സൂക്ഷിക്കുകയുമായിരുന്നു) വേദപണ്ഡിതനായിരുന്ന ആചാര്യ നരേന്ദ്രഭൂഷൺ സ്ഥാപക പത്രാധിപരായിരുന്ന ആർഷനാദം വൈദിക മാസികയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഇതേപ്പറ്റിയുള്ള വളരെ വ്യക്തമായ വിശകലനങ്ങൾ ഉണ്ട്.
വേദങ്ങളുടെ ഉദ്ദേശം
മതങ്ങളും മതപചാരകരും പ്രലോഭനങ്ങളാലുള്ള മതംമാറ്റവും ഒന്നും ഇല്ലാതിരുന്ന വേദീകകാലഘട്ടത്തില്‍ അറിവുള്ളവര്‍ ഈ സകലചരാചരങ്ങളുടെയും സൃഷ്ടിയെപ്പറ്റി അന്വേഷണം ആരംഭിച്ചിരുന്നു എന്നുവേണം നമുക്ക്‌ മനസ്സിലാക്കാന്‍. ഇന്ന് ലോകത്തിന് മുന്‍പില്‍ ഹിന്ദുത്വത്തെ പൂജയും മന്ത്രവാദവും അന്ധവിശ്വാസവും ആയി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഹിന്ദുത്വത്തിന് അടിത്തറപാകിയ ഈ ആത്മജ്ഞാനികളെ അവഗണിക്കുന്നു എന്നതാണ് പരമാര്‍ത്ഥം. വികലവ്യാഖ്യാനങ്ങള്‍ വേദങ്ങള്‍ക്ക് വരുത്തിവച്ച അപമാനം വളരെ വലുതാണ്‌. മുന്‍പ്‌ സൂചിപ്പിചിരുന്നതുപോലെ വേദങ്ങളും ഉപനിഷത്തുക്കളും ഉത്ഭവിച്ചത് ഒരു മതത്തിന് വേണ്ടിയായിരുന്നില്ല, മറിച്ച് മാനവരാശിക്ക് സത്ഗുണങ്ങള്‍ പറഞ്ഞുനല്കാനായിരുന്നു. മോക്ഷം എങ്ങനെ നേടാം എന്ന് ചിന്തിക്കുന്ന മനുഷ്യന് നല്‍കാന്‍ പറ്റുന്ന ഏറ്റവും നല്ല മറുപടി ആണ് വേദോപദേശം.

വേദോപദേശം എങ്ങനെ?

ഒരാള്‍ക്ക് പണംമുടക്കാതെ ലഭിക്കുന്ന ഒരേയൊരു സാധനം ഉപദേശമാണെന്ന് ഒരു നാട്ടുവര്‍ത്തമാനം ഉണ്ട്. എന്നാല്‍ ഉപദേശിക്കുന്ന ആളിന്റെ സ്വഭാവശുദ്ധിയും ഉപദേശം കേള്‍ക്കുന്നയാളിന്റെ മാനസികസ്ഥിതിയും സാഹചര്യവും ആണ് ഫലത്തില്‍ ആ ഉപദേശത്തിന്റെ വിധിനിര്‍ണയിക്കുന്നത്.
അതുകൊണ്ടുതന്നെ വേദോപനിഷത്തുക്കള്‍ ഗ്രഹിക്കേണ്ടത് എങ്ങനെ എന്ന് അവയില്‍ത്തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു. സദ്ഗുരുവില്‍നിന്നും ശുദ്ധചിത്തനായി വേണം വേദോപദേശം കേള്‍ക്കാന്‍. സദ്ഗുരു എന്നാല്‍ മഹാപണ്ഡിതനായ ഗുരു എന്നല്ല മറിച്ച് നല്ല ഉദ്ദേശത്തോടുകൂടി വിദ്യഉപദേശിക്കുന്നയാള്‍ എന്നര്‍ത്ഥം. മാതാ പിതാ ഗുരു ദൈവം എന്നവാക്യം കേള്‍ക്കാത്തവര്‍ വളരെവിരളമാണ്. മാതാവും പിതാവും ഒരാളുടെ ജന്മത്തിന് കാരണമാവുമ്പോള്‍, അയാളിലെ വ്യക്തിയെ ഉണ്ടാക്കുന്നത്‌, വളര്‍ത്തിയെടുക്കുന്നത് ഗുരുവാണ്. നല്ല മനസ്സും ഉദ്ദേശശുദ്ധിയും ഉള്ള ഗുരുവില്‍നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കുന്നയാള്‍ നല്ലവനും ഉദ്ദേശശുദ്ധിയുള്ളവനും ആയിത്തീരുകയും എന്നാല്‍ ദുരുദ്ദേശത്തോടുകൂടിയവനായ ഗുരുവില്‍നിന്നും ഉപദേശം സ്വീകരിക്കുന്നവന്‍ അശുദ്ധനായും മാറിപ്പോകും എന്നകാര്യം സംശയരഹിതം തന്നെ. മതഗ്രന്ഥങ്ങള്‍ വികലമായി വ്യാഖ്യാനംചെയ്ത് അനുയായികളെ സ്വാര്‍ത്ഥതക്ക് വേണ്ടി ഉപയോഗിക്കുന്ന പുരോഹിതരും പണ്ഡിതരും ആണ് ഇന്ന് ലോകത്തിലെ തീവ്രവാദത്തിന്റെ ഗതി നിശ്ചയയിക്കുന്നതെന്ന് ഏവര്‍ക്കും അറിയാം. അവര്‍ ഒരിക്കലും സദ്ഗുരുക്കള്‍ അല്ല നീചരാണ്. കാരണം ജന്മങ്ങളില്‍വച്ച് ഏറ്റവും മഹത്തായ മനുഷ്യജന്മത്തെ അതിന്റെ ലക്‌ഷ്യത്തിലെത്തിക്കാതെ അവര്‍ നശിപ്പിച്ച് കളയുന്നു. അതിനാല്‍ എന്ത് പ്രലോഭനങ്ങളെ നേരിടേണ്ടിവന്നാലും ഇത്തരം നീചരുടെ വാക്കുകളുടെ പുറകെ പായരുത്‌.

എന്താണ് വേദങ്ങള്‍?

വിദ് എന്നാൽ അറിയുക എന്നാണർത്ഥം. വേദം എന്നാൽ അറിയുക, അറിവ്, ജ്ഞാനം എന്നൊക്കെ വ്യഖ്യാനിക്കാം. വേദങ്ങളെ ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. അവ മന്ത്രദൃഷ്ടാക്കളായ ഋഷിമാരിലേക്ക് നേരിട്ട് പകർന്നു കിട്ടിയതാണ്. ഏകദൈവത്തെയാണു വേദങ്ങള്‍ പ്രതിപാദിക്കുന്നതിനെന്നുള്ള ധാരാളം പരാമർശങ്ങൾ വേദങ്ങളിൽത്തന്നെയുണ്ട്. മാനവ രാശിക്ക് ഇന്നു ലഭ്യമായതിൽ ഏറ്റവും പുരാതനമയ ഗ്രന്ഥമാണ് ഋഗ്വേദം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക പാകിസ്താന്റെ വടക്കുഭാഗമാണ്‌ ഋഗ്വേദത്തിൽ പരാമർശവിധേയമാകുന്ന ഭൂമേഖല. ഇന്നത്തെ അഫ്ഘാനിസ്താനിലെ പല നദികളേയും ഋഗ്വേദത്തിൽ സാദൃശ്യമുള്ള പേരുകളിൽ പരാമർശിക്കുന്നുണ്ട്. (ഉദാഹരണം:ഗോമതി – ഗുമൽ നദി, കുഭാ – കാബൂൾ നദി, സുവാസ്തു – പെഷവാറീനു വടക്കുള്ള സ്വാത്). മറ്റു വേദങ്ങളിലും പിൽക്കാലസംസ്കൃതരചനകളിലൂടെയും ഇന്ത്യക്കാരുടെ സാംസ്കാരിക കേന്ദ്രം സിന്ധൂനദി കടന്ന് കൂടുതൽ തെക്കു കിഴക്കു ഭാഗത്തേക്ക് വരുന്നതും ഗംഗയുടേയും യമുനയുടേയും തടങ്ങളിലേക്ക് നീങ്ങിയതായും കാണാൻ സാധിക്കും. വേദങ്ങൾ വ്യാഖ്യാനിക്കുന്നതിൽ വന്ന പിഴവ്, അവ മറ്റുള്ളവർ മനസ്സിലക്കുന്നതിൽ സംഭവിക്കാവുന്ന പിഴവും ഇവിടെ കാണാതിരിന്നു കൂടാ. വേദങ്ങളിൽ പരാമർശിക്കുന്ന പേരുകള്‍ മനുഷ്യ നാമം ആണെന്ന തോന്നലാണു ഇതിനു കാരണം. നിരുക്താതിഷ്ഠിതമായിട്ടു വേദങ്ങളെ കണ്ടാൽ ഈ അവ്യക്തത തീരും.

വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു “ഓത്ത്” എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്. ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ്സ്, സ്വരം എന്നിവയുണ്ട്.

1 comment:

  1. അഭിനന്ദനങ്ങള്‍ ഇതുവരെയും ഒരു കമന്റ്‌ കനാതത്തില്‍ ദുഖമുണ്ട്

    ReplyDelete